This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍

കെ.പി.എസ്.സി ആസ്ഥാനം- തിരുവനതപുരം

സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി ഭരണഘടന പ്രകാരം രൂപീകരിച്ചിട്ടുള്ള അധികാര സ്ഥാപനം. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഭൂരിപക്ഷം സ്ഥാപനങ്ങളിലും നിയമനം നടത്തുന്നത് കെ.പി.എസ്.സി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കേരള പബ്ലിക് സര്‍വീസ് കമ്മിഷനാണ്. ഇതിനായി സ്ഥാപനങ്ങള്‍ അവിടെയുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പി.എസ്.സി. ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കുന്നു. എല്ലാ മലയാളം ദിനപത്രങ്ങളിലും പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളിലും പി.എസ്.സി.യുടെ പ്രസിദ്ധീകരണമായ പി.എസ്.സി. ബുള്ളറ്റിനിലും ഗസറ്റിലും വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നുണ്ട്. എഴുത്ത് പരീക്ഷ, പ്രായോഗിക പരീക്ഷ, കായിക ക്ഷമതാപരീക്ഷ തുടങ്ങി ആവശ്യമായ പരീക്ഷകള്‍ നടത്തി ഒരു നിശ്ചിത എണ്ണം അപേക്ഷകരെ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. പൂര്‍ണമായും ഉദ്യോഗാര്‍ഥികള്‍ക്കു ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍, സംവരണ തത്ത്വങ്ങള്‍ പാലിച്ചുകൊണ്ടാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇതില്‍നിന്നും ഒഴിവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മുറയ്ക്ക് ഉദ്യോഗാര്‍ഥികളെ അതത് സ്ഥാപനങ്ങളില്‍ നിയമിക്കുന്നു. ഓരോ റാങ്ക് പട്ടികയ്ക്കും ഒരു നിശ്ചിത സമയം മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ.

ഗവണ്‍മെന്റ് മേഖലയില്‍ ജോലി കാംക്ഷിക്കുന്നവരുടെ തൊഴില്‍ ദായകരാണ് പി.എസ്.സി. ഗവണ്‍മെന്റ് മേഖലയില്‍ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ റിക്രൂട്ടിങ് ഏജന്‍സിയാണ് കെ.പി.എസ്.സി. 1956-ല്‍ കേരള സംസ്ഥാനം രൂപീകൃതമായതോടെ, അതുവരെ നിലവിലുണ്ടായിരുന്ന തിരു-കൊച്ചി പബ്ലിക് സര്‍വീസ് കമ്മിഷനെ പരിഷ്കരിച്ച് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയാണുണ്ടായത്. ചെയര്‍മാനും 17 അംഗങ്ങളും ഉള്‍പ്പെടുന്ന ഭരണസമിതിയാണ് പി.എസ്.സി-ക്കുള്ളത്. ഇവരെ സംസ്ഥാന ഗവര്‍ണറാണ് നിയമിക്കുന്നത്. തിരുവനന്തപുരമാണ് കെ.പി.എസ്.സി.-യുടെ ആസ്ഥാനം. കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകളും എല്ലാ ജില്ലയിലും ജില്ലാ ഓഫീസുകളുമുണ്ട്.

വിവിധ തസ്തികകളില്‍ നിയമനം നടത്താനായി പരീക്ഷകള്‍ നടത്തുന്നതിനുപുറമേ, നിയമന നടപടികളെക്കുറിച്ച് ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കുന്ന ജോലിയും പി.എസ്.സി. നിര്‍വഹിക്കുന്നുണ്ട്.

റിക്രൂട്ട്മെന്റ്, എക്സാമിനേഷന്‍, ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റ്, കണ്‍സള്‍ട്ടേഷന്‍, സീക്രട്ട്, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ്, പബ്ലിക് റിലേഷന്‍, എസ്റ്റാബ്ലിഷ്മെന്റ്, അക്കൗണ്ട്സ് തുടങ്ങി നിരവധി വിഭാഗങ്ങളുടെ ഏകോപനത്തിലൂടെയാണ് പി.എസ്.സി. പ്രവര്‍ത്തിക്കുന്നത്. 2012-ഓടുകൂടി പി.എസ്.സി. വഴിയുള്ള എല്ലാ നിയമനനടപടികളും ഓണ്‍ലൈന്‍ വഴി ആയിട്ടുണ്ട്. 2012-ല്‍ ആരംഭിച്ച 'ഒറ്റത്തവണ രജിസ്ട്രേഷന്‍' പരിപാടിയിലൂടെ വിദ്യാഭ്യാസയോഗ്യത ഉള്‍പ്പെടെ എല്ലാവിവരങ്ങളും അപേക്ഷകര്‍ പി.എസ്.സി.യില്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിലൂടെ യോഗ്യതയുള്ള എല്ലാ പരീക്ഷകള്‍ക്കും അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം പരീക്ഷ നടത്തി അവസാന റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുക എന്നതാണ് പി.എസ്.സി. ലക്ഷ്യമിടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍